നിങ്ങൾക്ക് വേണ്ടി എഴുതിയ നാല് വരികൾ
അഴുകാതെ ഞാൻ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് .
ഇന്നലെ ഓർമ്മകളുടെ ഒരു ഓണ്‍ ദി റോക്സിൽ ഒഴിച്ച് ഞാൻ അത് കഴിച്ചു
ഐസിലിട്ട മീൻ കണ്ണു പോലെ
നിസ്സഹായതയുടെ ആ തുറുകണ്ണുകൾ ഇപ്പോഴും എന്നെ നോക്കുന്നുണ്ട്
പ്രതിഷേധിക്കാൻ അറിയില്ല
ആത്മരോഷത്തെപ്പറ്റി വായിച്ചറിവ് മാത്രമേ ഉള്ളു
ഓ, ചെഗുവെരയെപ്പറ്റി കേട്ടിട്ടുണ്ട്
ചാരുമജുംദാർ ,
കനു സന്യാൽ ,
എ കെ ജി ? ഉവ്വ് , ഉവ്വ്
ഇവരെപ്പറ്റിയെല്ലാം ഞാൻ വിക്കീപീഡിയിട്ടുണ്ട്
ഇവരുടെയെല്ലാം ഫോസിലുകൾ വച്ച മ്യൂസിയത്തിനു മുൻപിൽ
വിപ്ളവം വിൽപ്പനയ്ക്ക് എന്ന പരസ്യ ബോർഡ്
ഡിസൈൻ ചെയ്തത് ഞാനാണ്
അതുകൊണ്ടാണ് പറയുന്നത് നിങ്ങൾക്ക് വേണ്ടി തരുവാൻ
ലൈക്കല്ലാതെ ഒന്നും ഇല്ല എന്ന്
കൂടിപ്പോയാൽ ഒന്ന് ട്വീറ്റാം
അതിനും മീതെ നാല് ഷിവാസ്റീഗലിന്റെ ബോധാബോധത്തിൽ ചര്ച്ചയ്ക്ക് വെയ്ക്കാം
പക്ഷെ ഇന്നലെ നിങ്ങൾക്ക് വേണ്ടി അഴുകാതെ ഫ്രിഡ്ജിൽ വച്ച നാല് വരികൾ
ഡൽഹിയിലെ ആ ബസ്സിൽ കയറിയിട്ടുണ്ട്
നിങ്ങളുടെ നിശ്വാസങ്ങളെങ്കിലും ബാക്കിയായി തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അവരോട് പറയുവാൻ
