Saturday, January 16, 2016

ഒരു ഇറച്ചിവില്‍പ്പനക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍


ഒരു പെണ്ണിനെ പെണ്ണായ് കാണുക എന്നത്
ദുര്‍ഘടം പിടിച്ച ഒരു ഏര്‍പ്പാടായിരിയ്ക്കുന്നു.
ആണ്‍കണ്ണ് കൊണ്ട് കാണുമ്പോള്‍
അവള്‍ അവളല്ലാതെ ഉടലായി മാറുന്നു
മുലകളായി ചുരുങ്ങുന്നു
ചുണ്ടുകളായ് അടയുന്നു
കൈകാലുകൾ സിനിമാപോസ്റ്ററുകൾ
കണ്ണുകള്‍ കാമാസക്തികൾ
യോനികൾ   വാട്സാപ്പ് ക്ലിപ്പുകൾ
ഇങ്ങനെ ഒരു അവയവക്കൂമ്പാരമായി തോന്നുന്നു,
അവിടേയ്ക്ക്, ഇവിടേയ്ക്കെന്ന് 
തുടുപ്പ് മുഴുപ്പെന്ന്
പരിചിതമെങ്കിലും
അപരിചിതമെന്ന് സമാധാനിക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ശബ്ദം 
കണ്ണുകളെ ആട്ടിപ്പായിക്കുന്നു 

ഒരു ഇറച്ചിവെട്ടുകാരന്റെ ധര്‍മ്മസങ്കടങ്ങള്‍ തുടങ്ങുന്നത്
അവിടെ നിന്നാണ്
കെട്ടിത്തൂക്കിയ കൂമ്പാരങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ നോക്കുന്നവനു വേണ്ടി കാത്തിരിയ്ക്കണം പകലുകൾ മുഴുവന്‍.
ഓരോ കൂമ്പാരങ്ങൾ  അവിടെ വരുന്ന ഓരോ കണ്ണൂകള്‍ക്ക് 
എറിഞ്ഞ് കൊടുക്കുന്നു
പുതിയതു വാങ്ങുന്നു

സന്ധ്യയാകും മുന്‍പേ കെട്ടിത്തൂക്കിയ ഉടലുകള്‍ വിറ്റഴിച്ച് തിരിച്ച് പോരുന്നു
ഇരുട്ടു പരന്നാല്‍ പിന്നെ കിട്ടാത്ത ഒരു ഉടലിന്റെ ഉയിര്‍പ്പിലേയ്ക്ക്
നെടുങ്ങനെ ഒരു ലിംഗം ഉയര്‍ത്തിപ്പിടിച്ച്
വിയര്‍ക്കുന്നു
വില്‍പ്പന തുടരുന്നു.
ഇറച്ചിത്തുണ്ടുകള്‍ കൊണ്ടുപോയവര്‍ പാകം ചെയ്തു തുടങ്ങിക്കാണും
കാലുകള്‍
കണ്ണുകള്‍
മുലകള്‍
യോനി 
പരിചിതമാകുന്നു അപ്പോൾ എല്ലാം
വെന്തു പാകമായപ്പോള്‍
അവയുടെ മണം എന്നേ അന്വേഷിച്ച് വഴി നീളെ നടന്നുതീർക്കുന്നു

പക്ഷേ വീണ്ടും
എനിയ്ക്ക് ഇറച്ചിക്കടക്കാരന്റെ
മുഖവും, മനസ്സും
ദയ കിട്ടാത്ത കണ്ണുകളുമാകുന്നു.
ചിലപ്പോള്‍ തോന്നാറുണ്ട്
പെണ്ണിനെ പെണ്ണായ് കാണുക എന്നത്
ഒരു ഇറച്ചി വില്‍പ്പനക്കാരനെ സംബന്ധിച്ച് അസാധ്യമായൊരു പ്രക്രിയയാണ് ....