Thursday, May 17, 2018

രാത്രിയിൽ നഗരത്തിലേയ്ക്ക് എയർ ഇന്ത്യ എ ഐ 55 ലാൻഡ് ചെയ്യുമ്പോൾ



രാത്രിയിലെ ആകാശം പോലെത്തന്നെ
സുന്ദരമാണു ഭൂമിയും
ഉറക്കമില്ലാത്ത കണ്ണുകൾ ഉള്ളവൾ
വലിയ കമാനങ്ങൾ അവളുടെ മൂക്കുത്തി
നിര നിരയായ ഹെഡ്ലൈറ്റുകൾ അവളുടെ അരഞ്ഞാണം.

ലാൻഡ് ചെയ്യാൻ താഴ്ന്ന് പറന്ന ഒരു ഫ്ലൈറ്റിന്റെ വിൻഡോ സീറ്റിലിരുന്നു താഴേയ്ക്ക് നോക്കിയാൽ
ഹാലോജൻ പുഴ നഗരത്തിനു മീതെ പരന്നൊഴുകുന്നത് കാണാം
അതിന്റെ കൈവഴികൾ എത്താത്ത ചില ഗലികളിൽ ആളൊഴിഞ്ഞ് ചില റോഡുകളിൽ ഇരുട്ട് ആരോടെന്നില്ലാതെ പരാതി പറഞ്ഞു
 പുതച്ച് കിടക്കുന്നുത് കാണാം

രാത്രിയിൽ വൈരങ്ങളെന്ന പോലെ നഗരം തിളങ്ങും
ഉറക്കം മുറ്റിയ നഗരാഭരണങ്ങൾ അവയുടെ
ഉറങ്ങാത്ത കണ്ണുകൾ നമ്മെ തുറിച്ച് നോക്കും

ഉറക്കമില്ലാത്ത  ഈ മഹാ പ്രവാഹത്തിലേയ്ക്ക് അടുത്തുള്ള ചോളുകളെ വിറപ്പിച്ച് ഒരു ഐയർ ഇന്ത്യാ ഫ്ലൈറ്റ് പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലുന്നു
അതിന്റെ ചിറകുകൾ ചോളുകൾക്ക് മീതെ
പരുന്തുകളെപ്പോലെ വട്ടമിടുന്നു

ചോളിലെ ഒറ്റമുറിയിലെ റ്റീ വി സെറ്റ് വിറയ്ക്കുന്നു
തൊട്ടിലിൽ ആടുന്ന കുട്ടി കരയുന്നു
അമ്മ എഴുന്നേറ്റ് ഫ്ലൈറ്റിനെ പ്രാകുന്നു
മൂത്തവൻ ചിറകുകളെ എത്തിപ്പിടിക്കാൻ ചാടുന്നു
ആടിയാടി ചോളുകൾ അലിഞ്ഞ് അലിഞ്ഞ് രാത്രിയിൽ ഉറങ്ങുമ്പോൾ
മീതെ നഗരത്തിന്റെ വൈരങ്ങൾ കണ്ട മനുഷ്യ ശരീരങ്ങൾ വൈകിയെത്തിയതിനെയോർത്ത്
വൈദ്യുതിപ്പുഴയിലേയ്ക്ക് ഓലാ ഊബർക്യാബ് വെളിച്ചങ്ങളായി ഊളിയിടുമ്പോൾ
ക്യാബിൻ ക്രൂ നാളത്തെ ട്രിപ്പിനെപ്പറ്റി വ്യാകുലപ്പെടുമ്പോൾ.

കണ്ണുകൾ അടയ്ക്കാൻ തുടങ്ങവെ മറ്റൊരു പരുന്തിനെ‌ ചെക്കൻ ചാടിപ്പിടിച്ച് ഉറങ്ങാൻ തുടങ്ങുമ്പോൾ
ഇളക്കം തരാട്ടുപോലെ കേട്ട്
തൊട്ടിലിൽ കിടന്നവൾ കരച്ചിൽ നിർത്തുമ്പോൾ
മെല്ലിച്ച ശരീരം നാളെ വിൽക്കാനുള്ള ദോശക്ക് മാവാട്ടി തുടങ്ങുന്നു..
ഉന്തുവണ്ടിയിൽ കല്ലെടുത്ത് വയ്ക്കുന്നു
പതുക്കെ‌ വണ്ടി തള്ളി തുടങ്ങുമ്പോൾ
ലേറ്റ് ആയി വന്ന് മറ്റൊരു എയർ ഇന്ത്യ‌
ചോളുകളെ വിറപ്പിച്ച് ലാന്റ് ചെയ്യുന്നു.
വണ്ടി തള്ളി അവൾ പ്രവാഹത്തിലേയ്ക്ക് മുങ്ങുന്നു.
.............................................................

മുബൈ എയർപോർട്ടിനു വളരെ അടുത്തായി നിറച്ച് ചോളുകൾ അഥവാ അസ്ബെസ്റ്റോസ് ഒറ്റമുറി വീടുകൾ ഉണ്ട് ഒരോ ലാഡിങ്ങും റ്റേക്ക് ഓഫും എല്ലാം ചോളുകളെ വിറപ്പിച്ച് കൊണ്ടിരിക്കും. അസഹനീയമായ അതിന്റെ ശബ്ദം അവരിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്....