Friday, December 4, 2015

ഒഴിഞ്ഞ ഇടങ്ങൾ

സീൻ 1 കടൽത്തീരത്തിന്റെ ഒരു എക്സ്റ്റ്രീം വൈഡ് ഷോട്ട് ..
(അവിടെ നിൽക്കുന്ന പെൺകുട്ടി.നീയാണെന്ന് വിവരം.മറ്റാരും അറിയണ്ട .. ഇതാരെന്ന ചോദ്യത്തിന്റെ ചിലന്തി വലയിൽ പെട്ട് കുരുങ്ങട്ടെ അവർ)

തിരകൾ വന്നും പോയതും നീ അറിയുന്നുണ്ടോ
നമുക്കിടയിലെ ആ ചിതറൽ മാത്രമാണു എനിയ്ക്ക് ഈ സീനിൽ എഴുതാൻ തോന്നുന്നതു എന്നിട്ട്
പെട്ടെന്ന് നിന്റെ എക്സ്റ്റ്രീം ക്ലോസപ്പിലേയ്ക്ക് കട്ട് ചെയുന്നു...
കടൽ പാറക്കെട്ടുകളിലേയ്ക്ക് കയറിയിറങ്ങും പോലെ 
ആ എക്റ്റ്രീം ക്ലോസപ്പിൽ
 എനിക്ക് നിന്റെ സൂക്ഷ്മങ്ങൾ അളക്കാനാകുന്നുണ്ട്.
എന്നേ അന്വേഷിച്ചുമടുത്ത് ആ കണ്ണുകൾ
പാറക്കെട്ടുകൾ പോലെ തിളങ്ങുന്നവ
കുട്ടിയെ പോലെ കലഹിച്ച് കലങ്ങുന്നവ
കരയുന്നവ, 
കാമിക്കുന്നവ, 
കാടു പോലെ എന്റെ ചുറ്റും പടർന്നവ
ഞാൻ കടലായ് മാറുന്നു
പതിയെ നിന്നെ എടുത്ത് ദൂരേയ്ക്ക് കൊണ്ടു പോകുന്നു .
ചില ഭ്രാന്തൻ നേരങ്ങളിൽ
അകലെ ഒറ്റയ്ക്കൊരു കടലായ് നിന്നു മടുത്ത ആഴത്തിലേയ്ക്ക് 
നിന്നെയും കൊണ്ട് ഞാൻ ഊളിയിടുന്നു .

കട്ട് റ്റു
എന്റെയും.നിന്റെയുമെന്നു അഭിമാനിക്കാനില്ലാത്ത ഒരു നഗരത്തിലെ തിരക്കിട്ട ഒരു വഴി

ചിലപ്പോൾ ഒരു വടാപാവിന്റെ ഞെരുക്കമാണു ഈ നഗരത്തിനു.
ചരിത്രവും വർത്തമാനവും നമ്മെ ഇടയിൽ പ്പെറുത്തി ഞെരുക്കി ശ്വാസം മുട്ടിച്ചു കളയും...
ജുഹുവിലെ,
അന്ധേരിയിലെ,
ഡോംബിവല്ലിയിലെ
തെരുവുകൾക്കെല്ലാം ഇന്നലെകളുടെ വാടയാണു..
ഒരു കാതം നടന്നാൽ നൂറ്റാണ്ടുകൾ പുറകിലായിപ്പോകും
ചിലപ്പോൾ.. ഏതോ ചരിത്ര സന്ധിയിലെ
വിസ്മൃത കഥാപാത്രമായി നമ്മൾ മാറും...
ട്രാഫിക്ക് ബ്ലോക്കിനിടയിൽ കളിപ്പാട്ടം വിൽക്കാൻ വരുന്ന 10 വയസ്സുകാരൻ മൂലായത്തിന്റ കള്ളടിച്ച് പകുതിയടഞ്ഞ കൺപോളകളുടെ ഭാരം ആകം അപ്പോൾ നമുക്ക് ...
ഇല്ലെങ്കിൽ വില കുറഞ്ഞ സ്പ്രേ അടിച്ച്
ഥാനെ റെയിൽവേ സ്റ്റേഷൻ മുടുക്കിൽ
നൂറു രൂപയുമായ് വരുന്നവനെ കാത്ത്
നിൽക്കുന്നവളുടെ വില കുറഞ്ഞ് ലിപ്സ്റ്റിക്കിന്റെ തിളക്കമായിരിയ്ക്കും

cut to

കൈകാട്ടി നിർത്തിയ ഒരു ക്യാബിന്റ്ർ സുരക്ഷയിൽ നാം
ചുംബിയ്ക്കുന്നു ഒപ്പം ഒരുമിച്ച്
ഒരു സെൽഫി എടുക്കുന്നു
പുറകിൽ ചരിത്രം.വർത്തമാനം
വിപ്ലവവീര്യം പ്രണയം തുടങ്ങി എല്ലാത്തിനെയും കോമാളിയാക്കി
എന്റ്റേതു മാത്രമായ ചിരിയിൽ കരച്ചിലിൽ ഏകാന്തതയിൽ
അഭിരമിച്ച്.നിശ്വസിച്ച്
നെടുവീർപ്പിട്ട് നിന്നിലേയ്ക്ക് അപ്പലോഡ് ചെയ്യുന്നു

കട്ട് റ്റു


(വോയ്സ് ഓവർ നിന്റ്റെയോ എന്റെയോ എന്നു സൗകര്യം പോലെ നമുക്ക് തീരുമാനിയ്ക്കാം)
എക്സ്റ്റ്രീം വൈഡ് ഷോട്ടുകൾ മാത്രം മതി ഇതിൽ ക്ലോസപ്പുകൾക്ക് സ്ഥാനമില്ല...
ഞാനോ/ നീയോ VO

ചില ഒഴിഞ്ഞ ഇടങ്ങളുണ്ട് ഭൂമിയിൽ
നമുക്ക് മാത്രം സംസാരിക്കാനായി ഉണ്ടാക്കിയവയെന്നു തോന്നും ചിലപ്പോൾ,
ഒച്ച വെച്ച് ആളെക്കൂട്ടാത്ത മരങ്ങളും
വരുന്നോനേം
ഓന്റെ ഓളേം
ഒറ്റയ്ക്ക് മേയാൻ വിടുന്ന ഏകാന്തമായവ
നാഴികകൾ നടന്നാൽ ഇരുളും വെളിച്ചവും ഇണചേർന്ന്
മേയുന്ന് കിനാക്കാടുകളുണ്ടവിടെ.
ആകാശം ചിലപ്പോൾ റെഗ്ഗെ പാടാറുണ്ട്..
കാറ്റ് സെംബെ വായിക്കാൻ കൂടുമപ്പോൾ
ഒറ്റ താളവട്ടം പിടിച്ച് കഴിയുമ്പോളേയ്ക്കും
മഴപ്പാലമേറി
ചുംബനങ്ങൾ മുഖം നിറയ്ക്കും
നിനക്കൊരു തുള്ളി ഞാൻ പകർന്നു തന്നത്
ഒരു റെഗ്ഗെ നേരത്തായിരുന്നു.
മഴ പാടീ തിമിർക്കുന്ന ആ ഇടവഴിയിൽ വെച്ചായിരുന്നു...
ഒരു ദിവസം പോകണം കാറ്റിന്റൊപ്പം മേഞ്ഞ്
കാടിന്റൊപ്പം.പുണർന്ന് കളിക്കണം
നമുക്കിടയിൽ നമ്മൾ അറിയാതെ ഒളിച്ചുവെച്ച്
ആ ഒഴിഞ്ഞ് ഇടങ്ങളെ നിറയ്ക്കാൻ.

Tuesday, August 11, 2015

അറിയിപ്പ്

അവൻ മരിച്ചു ...
കേട്ട ആദ്യത്തെ വാർത്ത അതാണു...
അവൻ തന്നെയോ എന്നു സംശയിക്കും മുൻപ് തന്നെ ആദ്യ ഹെഡ്ലൈൻ വരുന്നുണ്ട്...
അവതാരക മരിപ്പറിയിയ്ക്കുന്നുണ്ട്
മോർഗ്ഗിൽ നിന്നും കഥകൾക്ക് ജീവൻ വച്ച് വരുന്നു...
വാർത്തകൾ പിന്നെയും വരുന്നുണ്ട്
മരിച്ചതെന്ന്,
കൊന്നതെന്ന്,
ആത്മഹത്യയെന്ന്
അച്ചടിയ്ക്കപ്പെടുന്നുണ്ട്, ട്വീറ്റപ്പെടുന്നുണ്ട്,
എന്തു
എങ്ങിനെ
ആരു..
ആളുകൾ സംസാരിയ്ക്കുന്നുണ്ട്, തർക്കിക്കുന്നുണ്ട്...
വാഴ്ത്തുന്നുണ്ട്
വിമർ ശിയ്ക്കു ന്നുണ്ട്
കണ്ണീർവാർക്കുന്നുണ്ട്
ഫോട്ടോ പോസ്റ്റുകൾ കവിയുന്നു
അവസാന വാർത്തയും.കഴിഞ്ഞ്
തൂക്കിലേറ്റപ്പെട്ടവന്റെ ഏകാന്തതയോടെ
അവൻ എന്നെ തേടി വരുമെന്ന് അറിയാമായിരുന്നു...
ഒരിക്കലും തീരാത്ത ചർച്ചകളുടെ ഒരു അപ്പാർട്ട്മെന്റിലെ ഒൻപതാം നിലയിലെ
ഒർമ്മകളുടെ ടെ ഒരു ഫ്ലാറ്റിൽ വച്ച്
ഒരിക്കലും തിരയൊഴിയാത്ത കടലിന്റെ മടുപ്പുകളുടെ കഥകൾ കഴിഞ്ഞ്
ഒരു ചിരി എനിക്ക് വേണ്ടി ബാക്കി വെച്ച്, ചർച്ചയ്ക്ക് പെഗ്ഗൊഴിച്ച്..
ബാക്കിയും ചിരിച്ചവസാനിപ്പിച്ച് മടങ്ങുന്നു
അവസാന പെഗ്ഗിൽ കണ്ണീരും തുടച്ച്
ഞാൻ ഉറങ്ങാൻ കിടക്കുന്നു..
വാർത്തകൾ പിന്നെയും.വ(ള)രുന്നു
ആരെന്നും എന്തെന്നും വെളിവാകുന്നു അടയുന്നു...

Monday, April 20, 2015

നീ

ചിലപ്പോൾ നിറച്ച് തെളിച്ച് വരും
ചിലപ്പോൾ വരണ്ടുണങ്ങും
ചിലപ്പോൾ അണിചേരും
ചിലപ്പോൾ കലഹിക്കും
ചിലപ്പോൾ മഴ പോലെ ചിതറിച്ചിരിക്കും
കടൽ പോലെ ഏകാന്തമായി കരയും
ചില സമയത്ത് സുഹൃത്തിനെപ്പോലെ
ചില നേരത്ത് ശത്രു,
ചിലപ്പോൾ നീ തന്നെ മാറും
ആകാശമാകും
ഭൂമിയാകും
ഭ്രാന്താകും
ഭയമാകും
നിന്നെ പോലെ ഒരു അഭിസാരികയെ
ഞാൻ കണ്ടിട്ടില്ല
പുണർന്നിട്ടില്ല
ഒരോ വരവിലും പുതിയ മുഖം
പുതിയ ശരീരം
മുലക്കണ്ണുകൾ
യോനീ ദലങ്ങൾ
സ്നേഹ പ്രകടനങ്ങൾ
വിലപേശലുകൾ
എന്നിട്ടും നീയെന്നു കേൾക്കുമ്പോൾ
ഞാൻ എല്ലാം മറക്കുന്നു
ഞാൻ നീയാകുന്നു
നീ ഞാനാകുന്നു
നമ്മൾ അന്യോന്യം പിണഞ്ഞ് നമ്മളല്ലാതാകുന്നു
വരികളാകുന്നു
വാക്കായ് പിരിയുന്നു
അവസാനത്തിൽ .....
അവസാനമെന്നൊന്നിലെന്നു പറഞ്ഞ്
നീ വാക്കുപേക്ഷിച്ച്
പടം പൊഴിച്ചു
പുതിയ മുഖവും
പുതിയ ശരീരവും
മുലക്കണ്ണുകലും
യോനീ ദലങ്ങളും
സ്നേഹ പ്രകടനങ്ങളും
വിലപേശലുകളുമാകുന്നു
എന്നിട്ടും നീയെന്നു കേൾക്കുമ്പോൾ
ഞാൻ എല്ലാം മറക്കുന്നു....

സവേര -ആയിരം ചോദ്യങ്ങൾ നട്ട ഒരു കുട്ടിയുടെ കഥ


(സവേര ഒട്ടും പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയ ഒരു കുഞ്ഞനുജത്തി . മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും രണ്ടാമത്തെ മകൾ.. ആദ്യം എന്നോടു ചോദിച്ച ചോദ്യം മാൻ ഹൂ പ്ലാന്റട് ട്രീസ് എഴുതിയതു ആരു എന്നതായിരുന്നു.. ഇത് എന്നല്ല അവൾക്ക് ഞാനടങ്ങുന്ന സമൂഹത്തോടു ചോദിയ്ക്കാൻ ഉള്ള ഒരു ചോദ്യത്തിനും ഉത്തരം ഇല്ല എന്ന ഭയം ആണ് ഇതിനു ആധാരം)




രംഗം 1
ഒരു ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ
ട്രാഫിക്ക് സിഗ്നലിൽ പെട്ട് എന്നിൽ കുരുങ്ങിക്കിടക്കുന്നുണ്ട്
ഏറെ നേരമായി ചുവപ്പ് നിറം നോക്കി അക്ഷമനായി
അത് നിന്നെ അന്വേഷിച്ചു
അരാണ് നീ സവേര..????
ഒരായിരം ചോദ്യങ്ങൾ നിറച്ചു എന്നിലേയ്ക്ക് നിറയൊഴിച്ചതു നീയായിരുന്നു.
ഒട്ടും നിഷ്ക്കളങ്കത ചോരാതെ നീ ആദ്യ ചോദ്യം ചോദിച്ചു
who wrote the book ** മാൻ ഹു പ്ലാന്റെട് ട്രീസ് ?
തിരിച്ച് വന്നു ജീൻ ഗിയാനോ ഒരു നൂറാവർത്തി എന്നിൽ കാടു പിടിപ്പിച്ചു..
നൂറായിരം ചില്ലയിൽ അത് പടരന്നു പന്തലിച്ച് കായ്ച് മരച്ചു നിനക്കുള്ള ഉത്തരവുമായി  നിന്നു...

രംഗം 2 നാടകം
കളി തുടങ്ങി
ഇരുണ്ട സ്റ്റേജിന്റെ മൂലയിൽ
അവൾ ഇരുന്നു തന്റെ കൈയിലെ ടാബ്ലെറ്റിൽ
മാൻ ഹു പ്ലാന്റെട് ട്രി വായിക്കുന്നു .
എന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു..
മുഖം മൂടി മടുത്തു ഞാൻ തിരിച്ച് അണിയറയിലേയ്ക് എത്തുന്നു
ഹെഡസെറ്റിൽ *ഹരിദാസ് വേരോടുന്നുണ്ട്
"വിധിമതം നിരസിച്ചീടാമോ ?????"
വീണ്ടും അവൾ ചിരിച്ച് ഒരായിരം ചോദ്യങ്ങൾ പാകിക്കൊണ്ടിരുന്നു
മുളച്ചവ മുളയ്കാത്തവ
പട്ടൂപോയവ....
ആർക്കും ഉത്തരം തരാൻ കഴിയാത്ത ചോദ്യങ്ങൾ നട്ടു ഒരു കാടുണ്ടാക്കി നീ
രാത്രികൾ പകലുകൾ ആളുകൾ ആശയങ്ങൾ എല്ലാം അതിനുള്ളിൽ പെട്ട്
നിന്റെ ചോദ്യത്തിന് ഉത്തരം തരാൻ കഴിയാതെ കുഴങ്ങുന്നുണ്ട്.
ഇന്നും ജീൻ ഗിയാനോ കാട്ടിൽ 
നീ നട്ട ചോദ്യത്തിനുത്തരമില്ലാതെ വേരുറയ്ക്കാതെ ആടിയാടി
നില്ല്ക്കുന്നുണ്ട് ഞാൻ..


രംഗം 3
ഇരുട്ട് ഈവനിങ്ങ് ഷിഫ്റ്റ്‌ കഴിഞ്ഞു
അയഞ്ഞ റ്റൈയും ഐഡി കാര്ഡും ഒപ്പം കിട്ടിയ കൂട്ടുകാരിയുമൊത്തു
തിരക്കിട്ടൊരു ഓട്ടോയിൽ ഇങ്ങു ദൂരെ
ഈ മഹാ നഗരത്തിന്റെ തിരക്കില ട്രാഫിക്ക് ജംഗ്ഷനിൽ
എനിക്കൊപ്പം പച്ചയിലേക്ക് ഉള്ള ദൂരം അളന്നു നില്ക്കുന്നു
ഒരൊറ്റ മരത്തണലിൽ ഒരായിരം നിഴലുകളെ പെറ്റ്
ആ ചോദ്യങ്ങൾ ഇപ്പോഴും എന്നിൽ
വേരുകളാഴന്നു നില കൊള്ളുന്നുണ്ട് ..
സവേര നീ നട്ട കാടുകൾ ആണ് ഇതെല്ലം
ഉത്തരം നല്കാൻ ആര്ക്കും പറ്റാത്ത
അഥവാ ഉത്തരങ്ങൾ ഇല്ലാത്ത നൂറായിരം കാടുകൾ
അവിടെ എവിടയോ ഒരു ഒച്ച കേൾക്കുന്നുണ്ട്.....
-------------------------------------------------------------------
** ജീൻ ഗിയാനോ എന്നാ ഫ്രഞ്ച് എഴുത്തുകാരന്റെ പ്രശസ്തമായ കഥ.
*** വെണ്മണി ഹരിദാസ്‌ ഭാവഗായകൻ എന്ന് അറിയപ്പിട്ടിരുന്നു പ്രശസ്ത കഥകളി ഗായകൻ
**** സന്താനഗോപാലം കഥകളിയിലെ പദം