Friday, December 4, 2015

ഒഴിഞ്ഞ ഇടങ്ങൾ

സീൻ 1 കടൽത്തീരത്തിന്റെ ഒരു എക്സ്റ്റ്രീം വൈഡ് ഷോട്ട് ..
(അവിടെ നിൽക്കുന്ന പെൺകുട്ടി.നീയാണെന്ന് വിവരം.മറ്റാരും അറിയണ്ട .. ഇതാരെന്ന ചോദ്യത്തിന്റെ ചിലന്തി വലയിൽ പെട്ട് കുരുങ്ങട്ടെ അവർ)

തിരകൾ വന്നും പോയതും നീ അറിയുന്നുണ്ടോ
നമുക്കിടയിലെ ആ ചിതറൽ മാത്രമാണു എനിയ്ക്ക് ഈ സീനിൽ എഴുതാൻ തോന്നുന്നതു എന്നിട്ട്
പെട്ടെന്ന് നിന്റെ എക്സ്റ്റ്രീം ക്ലോസപ്പിലേയ്ക്ക് കട്ട് ചെയുന്നു...
കടൽ പാറക്കെട്ടുകളിലേയ്ക്ക് കയറിയിറങ്ങും പോലെ 
ആ എക്റ്റ്രീം ക്ലോസപ്പിൽ
 എനിക്ക് നിന്റെ സൂക്ഷ്മങ്ങൾ അളക്കാനാകുന്നുണ്ട്.
എന്നേ അന്വേഷിച്ചുമടുത്ത് ആ കണ്ണുകൾ
പാറക്കെട്ടുകൾ പോലെ തിളങ്ങുന്നവ
കുട്ടിയെ പോലെ കലഹിച്ച് കലങ്ങുന്നവ
കരയുന്നവ, 
കാമിക്കുന്നവ, 
കാടു പോലെ എന്റെ ചുറ്റും പടർന്നവ
ഞാൻ കടലായ് മാറുന്നു
പതിയെ നിന്നെ എടുത്ത് ദൂരേയ്ക്ക് കൊണ്ടു പോകുന്നു .
ചില ഭ്രാന്തൻ നേരങ്ങളിൽ
അകലെ ഒറ്റയ്ക്കൊരു കടലായ് നിന്നു മടുത്ത ആഴത്തിലേയ്ക്ക് 
നിന്നെയും കൊണ്ട് ഞാൻ ഊളിയിടുന്നു .

കട്ട് റ്റു
എന്റെയും.നിന്റെയുമെന്നു അഭിമാനിക്കാനില്ലാത്ത ഒരു നഗരത്തിലെ തിരക്കിട്ട ഒരു വഴി

ചിലപ്പോൾ ഒരു വടാപാവിന്റെ ഞെരുക്കമാണു ഈ നഗരത്തിനു.
ചരിത്രവും വർത്തമാനവും നമ്മെ ഇടയിൽ പ്പെറുത്തി ഞെരുക്കി ശ്വാസം മുട്ടിച്ചു കളയും...
ജുഹുവിലെ,
അന്ധേരിയിലെ,
ഡോംബിവല്ലിയിലെ
തെരുവുകൾക്കെല്ലാം ഇന്നലെകളുടെ വാടയാണു..
ഒരു കാതം നടന്നാൽ നൂറ്റാണ്ടുകൾ പുറകിലായിപ്പോകും
ചിലപ്പോൾ.. ഏതോ ചരിത്ര സന്ധിയിലെ
വിസ്മൃത കഥാപാത്രമായി നമ്മൾ മാറും...
ട്രാഫിക്ക് ബ്ലോക്കിനിടയിൽ കളിപ്പാട്ടം വിൽക്കാൻ വരുന്ന 10 വയസ്സുകാരൻ മൂലായത്തിന്റ കള്ളടിച്ച് പകുതിയടഞ്ഞ കൺപോളകളുടെ ഭാരം ആകം അപ്പോൾ നമുക്ക് ...
ഇല്ലെങ്കിൽ വില കുറഞ്ഞ സ്പ്രേ അടിച്ച്
ഥാനെ റെയിൽവേ സ്റ്റേഷൻ മുടുക്കിൽ
നൂറു രൂപയുമായ് വരുന്നവനെ കാത്ത്
നിൽക്കുന്നവളുടെ വില കുറഞ്ഞ് ലിപ്സ്റ്റിക്കിന്റെ തിളക്കമായിരിയ്ക്കും

cut to

കൈകാട്ടി നിർത്തിയ ഒരു ക്യാബിന്റ്ർ സുരക്ഷയിൽ നാം
ചുംബിയ്ക്കുന്നു ഒപ്പം ഒരുമിച്ച്
ഒരു സെൽഫി എടുക്കുന്നു
പുറകിൽ ചരിത്രം.വർത്തമാനം
വിപ്ലവവീര്യം പ്രണയം തുടങ്ങി എല്ലാത്തിനെയും കോമാളിയാക്കി
എന്റ്റേതു മാത്രമായ ചിരിയിൽ കരച്ചിലിൽ ഏകാന്തതയിൽ
അഭിരമിച്ച്.നിശ്വസിച്ച്
നെടുവീർപ്പിട്ട് നിന്നിലേയ്ക്ക് അപ്പലോഡ് ചെയ്യുന്നു

കട്ട് റ്റു


(വോയ്സ് ഓവർ നിന്റ്റെയോ എന്റെയോ എന്നു സൗകര്യം പോലെ നമുക്ക് തീരുമാനിയ്ക്കാം)
എക്സ്റ്റ്രീം വൈഡ് ഷോട്ടുകൾ മാത്രം മതി ഇതിൽ ക്ലോസപ്പുകൾക്ക് സ്ഥാനമില്ല...
ഞാനോ/ നീയോ VO

ചില ഒഴിഞ്ഞ ഇടങ്ങളുണ്ട് ഭൂമിയിൽ
നമുക്ക് മാത്രം സംസാരിക്കാനായി ഉണ്ടാക്കിയവയെന്നു തോന്നും ചിലപ്പോൾ,
ഒച്ച വെച്ച് ആളെക്കൂട്ടാത്ത മരങ്ങളും
വരുന്നോനേം
ഓന്റെ ഓളേം
ഒറ്റയ്ക്ക് മേയാൻ വിടുന്ന ഏകാന്തമായവ
നാഴികകൾ നടന്നാൽ ഇരുളും വെളിച്ചവും ഇണചേർന്ന്
മേയുന്ന് കിനാക്കാടുകളുണ്ടവിടെ.
ആകാശം ചിലപ്പോൾ റെഗ്ഗെ പാടാറുണ്ട്..
കാറ്റ് സെംബെ വായിക്കാൻ കൂടുമപ്പോൾ
ഒറ്റ താളവട്ടം പിടിച്ച് കഴിയുമ്പോളേയ്ക്കും
മഴപ്പാലമേറി
ചുംബനങ്ങൾ മുഖം നിറയ്ക്കും
നിനക്കൊരു തുള്ളി ഞാൻ പകർന്നു തന്നത്
ഒരു റെഗ്ഗെ നേരത്തായിരുന്നു.
മഴ പാടീ തിമിർക്കുന്ന ആ ഇടവഴിയിൽ വെച്ചായിരുന്നു...
ഒരു ദിവസം പോകണം കാറ്റിന്റൊപ്പം മേഞ്ഞ്
കാടിന്റൊപ്പം.പുണർന്ന് കളിക്കണം
നമുക്കിടയിൽ നമ്മൾ അറിയാതെ ഒളിച്ചുവെച്ച്
ആ ഒഴിഞ്ഞ് ഇടങ്ങളെ നിറയ്ക്കാൻ.