Tuesday, November 1, 2011

ഈഡിപ്പസ്‌


ഇന്നലത്തെ സംഭോഗത്തിനു ശേഷം ഈഡിപ്പസ്
ജക്വസ്റ്റയോട് പറഞ്ഞു.
ജക്വസ്റ്റാ എന്റെ വിശപ്പുകളെ ശമിപ്പിച്ച മാർത്തടങ്ങളെ
എന്റെ നിർവൃതികളെ സ്വീകരിച്ച ഗർഭപാത്രമേ..
നീ വൃദ്ധയെപ്പോലെ ചവർക്കുന്നു.
ജക്വസ്റ്റ ചിരിച്ചു..
എന്റെ മാതൃത്വം നുണഞ്ഞ മകനെ
എന്റെ തിണർപ്പുകൾ രുചിച്ച ശരീരമേ
നീ വിതച്ചതും വിതക്കപ്പെട്ടതുമായ ഈ ശരീരം
മരണം പോലെ എന്നെ തണുപ്പിക്കുന്നു
ഗ്രീസിലെ വീഞ്ഞു പോലെ എന്നെ ചൂടു പിടിപ്പിക്കുന്നു..
ഈഡിപ്പസ്‌ ചിരച്ചവളുടെ മാർത്തടങ്ങളെ തഴുകി,
ഗർഭപാത്രങ്ങളെ ഉണർത്തി...

Tuesday, May 24, 2011

തല കുമ്പിട്ടിരിക്കുന്ന ഗാന്ധി



അച്ഛാ എന്തു കൊണ്ടാണച്ഛാ
നമ്മുടെ ഗാന്ധി തലകുമ്പിട്ടിരിക്കുന്നത്?
കാക്ക മുഖത്ത് തൂറുമെന്നു ഭയപ്പെട്ടിട്ടണോ?
ഉച്ചയ്ക്ക് വീട്ടിലേക്ക് വരും വഴി മകന്റെ ചോദ്യം..

മകനെ ഇനിയും ഗോഡ്സേകൾക്കു മുൻപിൽ
മൂന്നു വെടിയുണ്ടകളേറ്റു വാങ്ങാൻ കരുത്തില്ലാതെയും
ഹേ റാം എന്നുറക്കെ കരയാൻ ആകതെയുമാണ്
ഗാന്ധികൾ തലകുമ്പിട്ടിരിക്കുന്നത്.
ഇനിയുമേറെ ദണ്ഡികൾ ഈ
കുനിഞ്ഞ ശിരസ്സുമായി ഗാന്ധികൾക്ക്
നടന്നു കയറുവാനുണ്ട്.
പ്രത്യയശാസ്ത്രങ്ങളുടെ കണ്ണീർ വാർക്കുന്ന
ഉപ്പ് കുറുക്കുവാനുണ്ട്
അവൻ എന്നെ പകച്ച് നോക്കി!!!
ഉയർന്ന് കേൾക്കുന്ന ഹോൺ വിളികൾ
ഗാന്ധി സ്ക്വയറിനു ചുറ്റും മുറവിളി കൂട്ടുന്ന വാഹനങ്ങൾ
ഒന്നും കാണാനും കേൾക്കാനുമാകാതെ
കാക്കതൂറുന്ന പ്രതിമയായി തല കുമ്പിട്ടിരിക്കുന്ന ഗാന്ധിയും
ഉച്ചവെയിലാളുന്നു നമുക്ക് നീങ്ങാം
വീട്ടിലേക്കേറെ ദൂരം നടക്കാനുണ്ട്...

മനുഷ്യൻ 65

ഇന്നലെ കത്തിയെടുത്ത് ഒരു കുത്ത്
കുടലും ഹൃദയവും എല്ലാം കൂടി പുറത്ത് വന്നു
കുത്തിയ ഇടത്ത് കുറച്ച് ഉപ്പും മുളകും ചേർത്ത് പുരട്ടി
എന്നിട്ട് എല്ലാം വേകുന്ന തിളച്ച എണ്ണയിലേക്ക്
ശരീരം കുറെശ്ശെയായി വെന്ത് വെന്ത് ഞാൻ
പുറത്ത് വന്നു.
കൈകൾ വിടർത്തി തല കുമ്പിട്ട്
നാണയത്തിന്റെ കിലുക്കത്തിനു ചെവിയോർത്ത് നിന്നു
കൂട്ടുകാരേ വേഗം വരണം കോഴി കൂവും മുൻപു തീർക്കണം
ആത്മാർത്ഥ സുഹൃത്ത് ആദ്യമെ വറുത്ത തലച്ചോറ് തിന്നു
പിന്നെ കുറെശ്ശെയായി കണ്ണും മൂക്കും ചെവിയും
അവർ എന്നെ തന്നെ തിന്നു തീർത്തു.
ഇനി കാണാതെ കേൾക്കാതെ
മിടിപ്പുകളില്ലാതെ
ഉയിർത്തെഴുന്നേൽക്കണം
പുതിയ നിയമങ്ങളുടെ
സുവിശേഷ സൌഹൃദങ്ങളുമായി....

Monday, May 23, 2011

തച്ചനും മകനും...

ഇന്നലെ പണിത വിഗ്രഹത്തിനു
അഭിസാരികയുടെ പുഞ്ചിരി .
വട്ടമെന്ന് കരുതിയാൽ ചതുരമായി മാറുന്ന
ചതുരമെന്നു ധരിച്ചാൽ കോണായി മാറ്റുന്ന
തച്ചന്റെ ഉളിയ്ക്കിതെന്തു പറ്റി?
ഞാൻ യാത്രികനായിരുന്നു
കല്ലിന്റെ സംഗീതം തേടിപ്പോയവൻ
പാടുന്ന ജ്യേഷ്ഠനും
ഭ്രാന്തനനുജനുമിടയിൽ പിറന്ന ഗർഭം
വട്ടമെന്ന് കരുതിയാൽ ചതുരമായി മാറ്റുന്ന
ചതുരമെന്നു ധരിച്ചാൽ കോണായി മാറുന്ന
രൂപാരുപി 
ഞാൻ ശ്രുതി തെറ്റിപ്പോയ
വിഷഭൂപാളം.
ഇന്നലെ പണിത താഴികക്കുടത്തിന്
തമ്പുരാട്ടിയുടെ മുലക്കണ്ണുകളുടെ തിളക്കം
തച്ചന്റെ ഉളിയ്ക്കിതെന്തു പറ്റി?
മനസ്സിലെ ഉലയിൽ ഒരു കല്ലു പഴുത്ത് ചുമക്കുന്നു
എരിയുന്ന കനലിൽ നിന്നു ഞാൻ പറയട്ടേ ദൈവമെ..
തുപ്പുന്ന പാവയുടെ ചെകിടത്തടിക്കുന്ന
മകനെ ഞാൻ ഉളിവായ്ക്കു നൽകി...........

Monday, May 9, 2011

പ്രൊഫഷണൽ




തിരക്കിൽ നഷ്ടപ്പെട്ട ഹൃദയവും ടാർജെറ്റുകളാൽ നിറഞ്ഞ തലച്ചോറുമായെ
ചിലർക്കു ഡെസ്ക്കിലെത്താൻ കഴിയുകയുള്ളു.
ഓർമ്മകൾ മരവിപ്പിക്കപ്പെട്ട ഏ.സി മുറികളും
ഡെഡ്‌ലൈനുകളാൽ സമൃദ്ധമായ ഡെസ്ക്കും കഴിഞ്ഞ്
നൊസ്റ്റാൾജിയ മുട്ടിയ പുളിയൻ മാവിന്റെ
 ചുവട്ടിലേക്കൊന്നുമല്ല സഖാവെ അവർ പോകുന്നത്
മറിച്ച് ഓർമ്മകൾ പൊടിയുന്ന കാലത്തിന്റെ        
റീസൈക്കിൾ ബിന്നിലേക്കാണ്...

Thursday, February 17, 2011

കുമ്പസാരം

ഒരിറ്റു പ്രണയവും ഉറയിലോതുക്കിയ കാമവുമല്ലാതെ
വെറിപിടിച്ച ലോകത്ത് നിനക്ക് നല്‍കുവാന്‍ ഒന്നുമില്ലെന്റെ കൈയില്‍ 
ഒരു പുകക്കൊടിയും ഒരു പിടി ഓര്‍മകളും അല്ലാതെ
കറ പുരണ്ട ലോകത്ത് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍ 
ഒരു പിടി ചിതറിയ അക്ഷരങ്ങളും ചിതലരിച്ച ആശയങ്ങളുമല്ലാതെ
വീക്ഷണം മരിച്ച ലോകത്ത് നമുക്ക് നമുക്ക് പങ്കിടാന്‍ മറ്റൊന്നുമില്ലെന്റെ കൈയില്‍
പ്രണയിനി ......
സുഹൃത്തെ
കവിതേ
ക്ഷമിക്കുക എനിക്കു മടങ്ങുവൻ സമയമയി