Friday, June 24, 2016

സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ


കിം കി ഡൂക്ക് * അയാളൊരു വട്ടിപ്പലിശക്കാരനായിരുന്നു
സിയോളിലെ കുപ്രസിദ്ധനായ‌ വട്ടിപ്പലിശക്കാരൻ..
കൊറിയ അയാൾക്കൊരു‌ തമാശയായിരുന്നു
ഭ്രാന്തന്മാരും, വേശ്യകളും‌, ഗുണ്ടകളും കള്ളന്മാരും
ഒക്കെ ആയിരുന്നു അയാളുടെ‌ അയൽപ്പക്കം..
ചിലപ്പോൾ അയാൾക്ക് പ്രാന്തിളകും
ഉറക്കെ അട്ടഹസിച്ചയാൾ കൊറിയക്ക് ചുറ്റും ഓടും
ഒരു‌ കൊറിയ തീർന്ന് മറ്റേത്‌‌ തുടങ്ങുന്നിടത്ത്
കൊറിയകളുടെ അതിർത്തിയിൽ നിന്ന് പല്ലിളിച്ച് കാട്ടും
ചിലപ്പോൾ നടപ്രാന്തിളകുന്ന രാത്രികളിൽ
ആരിരാങ്ങ് ആരിരാങ്ങ്* എന്ന് വിളിച്ച്‌ കൂവി
അയാൾ കാഴ്ച്ചകളും കേൾവികളും ഉരുട്ടിക്കയറ്റി ഒരു‌ മലമുകളിൽ ചെല്ലും
സമാധാനത്തോടെ നിശബ്ദതയെ‌ നോക്കി നിൽക്കും
തിരിച്ചിറങ്ങി വന്ന്
രാത്രിയിൽ നക്ഷത്രങ്ങൾ പല്ലിളിക്കുന്നതും‌ നോക്കി അയാളങ്ങനെ‌ ഉറങ്ങും
പെ‌ട്ടെന്ന് ഒരു പെണ്ണീന്റെ ഒച്ച കേട്ട് ഞെട്ടി എണീക്കും
പിന്നെയും ആരിറങ്ങ് ആരിറങ്ങ് എന്ന് വിളിച്ച് ഉരുട്ടി‌ക്കയറ്റും..
കിംകി ഡൂക്ക്
പലിശകൾ ചേർത്ത്
സ്വ‌യം പ്രതികാരം ചെയ്ത് ഉറങ്ങാൻ‌ ശ്രമിക്കുന്ന
 സിയോളിലെ പ്രസിദ്ധനായ വട്ടിപ്പലിശക്കാരനാണു...
_________________________________________
കിം കി ഡൂക്ക് ,നവകൊറിയൻ സംവിധായകരിൽ ഏറെ പ്രസിദ്ധൻ ....ഡ്രീം എന്ന‌ കിം സിനിമയിൽ അഭിനയിച്ച‌‌ നായിക‌ ആത്മഹത്യ ചെയ്തതിനെ‌ തുടർന്ന് മാനസിക സംഘർഷം മൂലം രണ്ട്‌ വർഷ്ത്തോളം കിം ഒരു‌‌ മലമുകളിൽ ഒറ്റയ്ക്ക് താമസിച്ച് ആ കാലഘട്ടം‌ മുഴുവൻ ഡോക്യുമെന്റ് ചെയ്ത് ആരിറാങ്ങ് എന്ന പേരിൽ സിനിമയാക്കി.. ആരിറാങ്ങ് ഒരു‌ കൊറിയൻ നാടോടിപ്പാട്ടാണു....

Monday, April 11, 2016

ഫ്ലാറ്റിൽ ബാൽക്കണിയിൽ


ഫ്ലാറ്റിൽ ബാൽക്കണിയിൽ ഇരുന്ന് ലോകം കാണുകയാണു ദിവാകരന്‍
ലോകം അറിയണാമെന്ന് ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്ക്ല് പോലും തോന്നിയിട്ടില്ല
അതു കാഴ്ച്ചയാണെന്ന തിരിച്ചറിവ് പോലും അന്യമായിരുന്നു അയാള്‍ക്ക്
ജോലിക്ക് പോയി
ഫയലുകൾ നോക്കി
ഊണു കഴിച്ച്
തിരിച്ച് റ്റ്രെയിനിലെ തിരക്കിൽ ഒറ്റപ്പെട്ട്
വീട്ടിൽ വന്നു ഉറങ്ങി..
ഇങ്ങനെ വർഷങ്ങളുടെ ചിട്ടകളാണു
കണ്ടതും കാണാത്തതുമായതോ
അനുഭവിച്ചതും അനുഭവിയ്ക്കാൻ ആഗ്രഹമുള്ളതോ ഒക്കെ തുച്ച്ഛം


സ്ഥലപ്പേരുകള്‍ പോലും ഇറങ്ങേണ്ട സ്റ്റോപ്പിലേയ്ക്കുള്ള ദൂരങ്ങൾ പാത
മുലുന്ദ് വിദ്യാവിഹാര്‍ എന്നു കേട്ടാല്‍ ട്രയിനിന്റെ വാതിലിനടുത്തേയ്ക്ക് നീങ്ങി നില്ല്ക്കണമെന്ന
ശരാശരി ബോബേ ബോധം മാത്രമെ അയ്യാള്‍ക്കും വേണ്ടിയിരുന്നുള്ളു
അരിവാളോ
കൈപ്പത്തിയോ
കൈവെട്ടോ
കടന്നാക്രമണമോ
തുടങ്ങിയ ചർച്ചകൾ ഒന്നും ബാധിക്കാതായി


ഫീസ്, പാല്‍ ,വാടക
ഗണേശ ചതുര്‍ത്ഥി, ദീവാളി
തുടങ്ങിയവ കേട്ട് തഴമ്പിച്ചു പോയി കാതുകള്‍

നാടോ നാട്ടുക്കരോ അയാളെ അറിയാതെയായി
നഗരം അത്രമേല്‍ നിസ്സംഗമാക്കിയിരിക്കുന്നു അയാളേ
പൊതുവേ നിശബ്ദനാണു
കഴിഞ്ഞ 46വർ ഷങ്ങൾ കൊണ്ട് ഘനീഭവിച്ചതാണീ നിശബ്ദത..
46 വര്‍ഷം കഴിഞ്ഞ ഒരു ദിവസം
മുലുന്ദും വിദ്യാവിഹാറും കഴിഞ്ഞ്
കാഞ്ജൂര്‍മാര്‍ഗ്ഗില്‍ ഇറങ്ങാന്‍ മറന്ന് ദിവസം
ദിവാകരനു കൊള്ളിയാന്‍ മിന്നി

പതിവില്ലാത്ത ഒരു സ്ഥലപ്പേരു കണ്ട പതർച്ച
കാണാത്ത ഗലികളീലേയ്ക്ക് വലിച്ചിഴയ്ക്ക്പ്പെട്ട അവസ്ഥ
കണ്ടതും കാണാത്തതുമായ് ഒരുപാടുണ്ടെന്ന അയാൾ പൊടുന്നനെ തിരിച്ചറിയുന്നു
പതിവില്ലായമ അയാളെ ആകെ തളർത്തി
നഗരം ഇത്ര വലുതാണെന്ന് അയാൾ ഇന്നേ വരെ ചിന്തിച്ചിട്ടില്ല

താന്‍ ജീവിയ്ക്കുകയാണൊ എന്നചോദ്യം
ആദ്യമായി അയാളെ അലട്ടി

തിരിച്ച് വീട്ടില്‍ വന്നു പതിവിനു വിപരീതമായി
അയാല്‍ ബാല്‍ക്കണിയില്‍ അല്‍പ്പം നേരം ഇരുന്നു പുറത്തേയ്ക്ക് നോക്കി
എറുമ്പുകൾ പോലെ വീട്ടിലേയ്ക്കെത്താൻ വെമ്പൽ കൊള്ളുന്ന ഹെഡ്ലൈറ്റുകൾ,
അവസാനത്തെ ലൈറ്റും ഓഫ് ചെയ്ത് രാത്രി വെളുപ്പിയ്ക്കുന്ന
വലിയ കമാനങ്ങളുടെ ഒന്നര പാക്കറ്റ് പാറാവു ബീഡികൾ,
ഇന്നിലേയ്ക്കെന്നു പോലും അറിയാതെ അലയുന്ന ഓർമ്മ നഷ്ട്ടപ്പെട്ട മുഷിഞ്ഞ് വസ്ത്രങ്ങൾ.
തിക്കി തിരക്കി വീട്ടിലേയ്ക്കാർക്കുന്ന ലോക്കൽ റ്റ്രെയിൻ ബോഗികൾ
ദിവാകരന്‍ നഗരം കാണാന്‍ തുടങ്ങിയതു അന്നു മുതലാണ്‍

(തുടരും)

Saturday, January 16, 2016

ഒരു ഇറച്ചിവില്‍പ്പനക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍


ഒരു പെണ്ണിനെ പെണ്ണായ് കാണുക എന്നത്
ദുര്‍ഘടം പിടിച്ച ഒരു ഏര്‍പ്പാടായിരിയ്ക്കുന്നു.
ആണ്‍കണ്ണ് കൊണ്ട് കാണുമ്പോള്‍
അവള്‍ അവളല്ലാതെ ഉടലായി മാറുന്നു
മുലകളായി ചുരുങ്ങുന്നു
ചുണ്ടുകളായ് അടയുന്നു
കൈകാലുകൾ സിനിമാപോസ്റ്ററുകൾ
കണ്ണുകള്‍ കാമാസക്തികൾ
യോനികൾ   വാട്സാപ്പ് ക്ലിപ്പുകൾ
ഇങ്ങനെ ഒരു അവയവക്കൂമ്പാരമായി തോന്നുന്നു,
അവിടേയ്ക്ക്, ഇവിടേയ്ക്കെന്ന് 
തുടുപ്പ് മുഴുപ്പെന്ന്
പരിചിതമെങ്കിലും
അപരിചിതമെന്ന് സമാധാനിക്കാന്‍ ശ്രമിയ്ക്കുന്ന ഒരു ശബ്ദം 
കണ്ണുകളെ ആട്ടിപ്പായിക്കുന്നു 

ഒരു ഇറച്ചിവെട്ടുകാരന്റെ ധര്‍മ്മസങ്കടങ്ങള്‍ തുടങ്ങുന്നത്
അവിടെ നിന്നാണ്
കെട്ടിത്തൂക്കിയ കൂമ്പാരങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ നോക്കുന്നവനു വേണ്ടി കാത്തിരിയ്ക്കണം പകലുകൾ മുഴുവന്‍.
ഓരോ കൂമ്പാരങ്ങൾ  അവിടെ വരുന്ന ഓരോ കണ്ണൂകള്‍ക്ക് 
എറിഞ്ഞ് കൊടുക്കുന്നു
പുതിയതു വാങ്ങുന്നു

സന്ധ്യയാകും മുന്‍പേ കെട്ടിത്തൂക്കിയ ഉടലുകള്‍ വിറ്റഴിച്ച് തിരിച്ച് പോരുന്നു
ഇരുട്ടു പരന്നാല്‍ പിന്നെ കിട്ടാത്ത ഒരു ഉടലിന്റെ ഉയിര്‍പ്പിലേയ്ക്ക്
നെടുങ്ങനെ ഒരു ലിംഗം ഉയര്‍ത്തിപ്പിടിച്ച്
വിയര്‍ക്കുന്നു
വില്‍പ്പന തുടരുന്നു.
ഇറച്ചിത്തുണ്ടുകള്‍ കൊണ്ടുപോയവര്‍ പാകം ചെയ്തു തുടങ്ങിക്കാണും
കാലുകള്‍
കണ്ണുകള്‍
മുലകള്‍
യോനി 
പരിചിതമാകുന്നു അപ്പോൾ എല്ലാം
വെന്തു പാകമായപ്പോള്‍
അവയുടെ മണം എന്നേ അന്വേഷിച്ച് വഴി നീളെ നടന്നുതീർക്കുന്നു

പക്ഷേ വീണ്ടും
എനിയ്ക്ക് ഇറച്ചിക്കടക്കാരന്റെ
മുഖവും, മനസ്സും
ദയ കിട്ടാത്ത കണ്ണുകളുമാകുന്നു.
ചിലപ്പോള്‍ തോന്നാറുണ്ട്
പെണ്ണിനെ പെണ്ണായ് കാണുക എന്നത്
ഒരു ഇറച്ചി വില്‍പ്പനക്കാരനെ സംബന്ധിച്ച് അസാധ്യമായൊരു പ്രക്രിയയാണ് ....