Thursday, October 23, 2014

യാത്രയ്ക്കിടയിൽ



 ഒറ്റയ്ക്കൊരു യാത്ര വേണം എന്ന് വിചാരിച്ചു തുടങ്ങിയതാനു
പക്ഷേ യാത്ര തുടർന്നപ്പോൾ ഞാൻ രണ്ടായി പിളർന്നു
ഒന്നാമൻ, ഞാൻ
അവനെ എനിക്കറിയാം.
പരിചിതനായ ആ അപരിചിതൻ എനിയ്ക്കന്യൻ
അവനെന്റെ മുഖം
കറുപ്പവന്റെ നിറം
കഠിനത, അവന്റെ ഭാവം.
യാത്രകൾ തുടർന്നു കൊണ്ടിരുന്നു
മുഖങ്ങൾ പിളർന്നു
പുതിയവൻ ആസക്തിയോടെ പഴയവനിലേക്ക് വലകൾ നെയ്തുകൊണ്ടിരുന്നു.
സ്ഥലങ്ങൾ
വഴികൾ,
കാലങ്ങൾ,
ചരിത്രങ്ങൾ,
ഞങ്ങളിലേക്ക് ഇഴഞ്ഞ് പോയി..
പുതുമയും പഴമയും തിരിച്ചറിയാൻ പറ്റാത്ത വണ്ണം
ഇഴകൂടി തിക്കി തിരക്കി നിന്നു
ഞാൻ ചെറുതായി ചെറുതായി വന്നു
അവൻ ഭീമാകാരനായി വളർന്നു
യാത്രയ്ക്കിടയിൽ അവനു വിശന്നു
അവനു ഒരു അത്താഴം ഒരുക്കി കൊടുത്തു
പരിചിതമായ ഗന്ധം , മൗനം.
രുചിയോടെ അവൻ അത് കഴിച്ചു.
ഒറ്റയ്ക്ക് യാത്ര തുടർന്നു ...

ചില വിവർത്തനങ്ങൾ



 

 ചിലതുണ്ട് വിവര്ത്തനം ചെയ്യാൻ എത്ര ശ്രമിച്ചാലും സാധിക്കാത്തവ,
മരിച്ചിട്ടും ചില ഉടലനക്കങ്ങൾ നിനക്കുണ്ടെന്നു പറഞ്ഞപ്പോൾ
ആരും വിശ്വസിച്ചില്ല
നീയും ഞാനും മാത്രം അറിയുന്ന ചില ചലനങ്ങൾ,
ചില മൂളലുകൾ ,
അർത്ഥം വെച്ചും വെയ്ക്കാതെയും ഉള്ള
നിന്റെ നീണ്ട മൌനങ്ങൾ,
പരിചിതമായ ചില നിശ്വാസങ്ങൾ,
ആളിക്കത്തലുകൾ ,
അണച്ചിലുകൾ
എനിക്ക് മാത്രം കാണാൻ കഴിയുന്നവ.
നീ ചിരിക്കുന്നെന്നു ഞാൻ പറഞ്ഞപ്പോളും
ആര്ക്കും മനസ്സിലായില്ല.
എന്നത്തെയും പോലെ നീ ചിരിക്കുന്നുണ്ടെന്നു എനിക്കറിയാം
ആര്ക്കും മനസിലാകാത്ത ഗഹനമായ ആ ചിരി
വിവര്ത്തനം ചെയ്യനാകാതെ പകച്ച് ഞാനും

Thursday, January 16, 2014

പുറപ്പെട്ടു പോയ വാക്കുകൾ

നിങ്ങൾക്ക് വേണ്ടി എഴുതിയ നാല് വരികൾ
അഴുകാതെ ഞാൻ  ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് .
ഇന്നലെ ഓർമ്മകളുടെ ഒരു ഓണ്‍ ദി റോക്സിൽ ഒഴിച്ച് ഞാൻ അത് കഴിച്ചു 
ഐസിലിട്ട മീൻ കണ്ണു പോലെ 
നിസ്സഹായതയുടെ ആ തുറുകണ്ണുകൾ ഇപ്പോഴും എന്നെ നോക്കുന്നുണ്ട്   

 പ്രതിഷേധിക്കാൻ അറിയില്ല 
ആത്മരോഷത്തെപ്പറ്റി വായിച്ചറിവ് മാത്രമേ ഉള്ളു 

ഓ, ചെഗുവെരയെപ്പറ്റി കേട്ടിട്ടുണ്ട് 
ചാരുമജുംദാർ ,
കനു സന്യാൽ ,
എ കെ ജി ? ഉവ്വ് , ഉവ്വ് 
ഇവരെപ്പറ്റിയെല്ലാം ഞാൻ വിക്കീപീഡിയിട്ടുണ്ട് 
ഇവരുടെയെല്ലാം ഫോസിലുകൾ വച്ച മ്യൂസിയത്തിനു മുൻപിൽ 
വിപ്ളവം വിൽപ്പനയ്ക്ക് എന്ന പരസ്യ ബോർഡ്
ഡിസൈൻ ചെയ്തത് ഞാനാണ്  

അതുകൊണ്ടാണ് പറയുന്നത് നിങ്ങൾക്ക് വേണ്ടി തരുവാൻ 
ലൈക്കല്ലാതെ ഒന്നും ഇല്ല എന്ന് 
കൂടിപ്പോയാൽ ഒന്ന് ട്വീറ്റാം 
അതിനും മീതെ നാല് ഷിവാസ്റീഗലിന്റെ ബോധാബോധത്തിൽ ചര്ച്ചയ്ക്ക് വെയ്ക്കാം 

 പക്ഷെ ഇന്നലെ നിങ്ങൾക്ക്   വേണ്ടി അഴുകാതെ ഫ്രിഡ്ജിൽ വച്ച  നാല് വരികൾ 
ഡൽഹിയിലെ ആ ബസ്സിൽ കയറിയിട്ടുണ്ട് 
നിങ്ങളുടെ നിശ്വാസങ്ങളെങ്കിലും ബാക്കിയായി തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അവരോട് പറയുവാൻ