എന്നാണു നിന്നെ ഞാൻ അവസാനമായി ചുംബിച്ചത് ?
മകളെ ഡിഗ്രിക്ക് ചേർത്ത് തിരിച്ചു വന്ന രാത്രി
കലങ്ങിയ കണ്ണുകൾ കൂട്ടിപ്പിടിച്ച്
ഒരു പതിവില്ലയ്മ പോലെ ചുംബിച്ചിരുന്നു.
അതിനു മുന്നേ ഓർമ്മയില്ല
ആദ്യകാലത്ത് എപ്പോഴോ ....
ഒരു ചുംബനത്തിനു ഒരു മകൾ ദൂരം
ഞാൻ ചിരിച്ചു
അവളും
കനപ്പെട്ടിരിക്കുന്നു അവളുടെ കൈയ്യുകൾ
ചുളിവുകൾ വീണിട്ടുണ്ട്
ചുണ്ടുകൾ,
മുലകൾ,
വയർ,
കാലുകൾ...
വയസ്സായിരിക്കുന്നു അവൾക്ക്
തഴമ്പിച്ചിരിക്കുന്നു വിരലുകൾ
പൊള്ളിയ ചില പാടുകൾ
അത്രയൊക്കെ ആയിരിക്കുന്നു അവൾ
എന്നാണു ഞാൻ നിന്നെ അവസാനമായി ആലിംഗനം ചെയ്തതെന്നു ഓർമ്മയുണ്ടോ?
ഇല്ല !
അവൾ ഭാവവ്യത്യാസം തരാതെ തന്നെ പറഞ്ഞൊപ്പിച്ചു
മകളെ മാറ്റിക്കിടത്തിയ ചില രാത്രികളിൽ ആകണം എന്നു ഞാൻ ഭാവിച്ചു
എന്തോ....
ഓർത്തെടുത്തിട്ട് തീരെ കാര്യമില്ലെന്നും അത് പ്രസക്തമല്ലെന്നും ഉള്ളതിനാൽ
ഓർക്കുവാൻ പോലും അവളോ ഞാനോ മിനക്കെട്ടില്ല
...
എന്തുകൊണ്ടാകാം ഞാൻ അവളെയോ
അവൾ എന്നെയോ ചുംബിക്കാൻ മുതിരാഞ്ഞത്
എന്തേ അണപ്പുകൾക്കിടയിൽ പതിനെട്ടു വർഷത്തിന്റെ നീണ്ട ഇടവേള...
നമ്മൾ അവസാനമായി നമ്മളായത് എപ്പോളാകും
എന്നു ഞാൻ വീണ്ടും ചോദിക്കാൻ ആഞ്ഞപ്പോൾ
കൺപോളകൾ അടഞ്ഞു തുടങ്ങും മുന്നേ
ആസാദ്ധ്യമെന്ന് തോന്നിക്കും വിധം
അവൾ ഒന്നു പുഞ്ചിരിച്ചു
പതുക്കെ ചെവിയിൽ പറഞ്ഞു
എന്തെന്നും ഏതെന്നും ചിന്തിക്കുക തന്നെ അസാദ്ധ്യമായ പതിനെട്ടു വർഷം ഇനിയും കടന്നു പോകാം
മകളെ ചേർത്തു വന്ന രാത്രികൾ
അമ്മ മരിച്ച രാത്രികൾ
കൂട്ടുകാരൻ വണ്ടിക്കടിയിൽപ്പെട്ട രാത്രി
ഇങ്ങനെ ചില രാത്രികളിൽ
നമ്മൾ നമ്മൾ എന്നു പറയാൻ പറ്റും വിധം അടുത്തിട്ടുണ്ടാകാം
ആലിംഗനം ചെയ്തിട്ടുമുണ്ടാകും
മുഴുമിക്കാൻ ഒന്നുമില്ലാത്ത വിധം അവളുടെ കണ്ണുകൾ അടഞ്ഞു
പതിനെട്ടു വർഷം
പെട്ടെന്നു കഴിഞ്ഞപോലെ തോന്നു
...
അവൻ കടമ്പയും അവൾ കടമ്പയും പ്രത്യക്ഷത്തിൽ ഒന്നെന്നു തോന്നിയാലും
സൂം ചെയ്ത് അവസാന പികസലിൽ എത്തിയാൽ
ഒരു പക്ഷേ അവൾ കടമ്പ മാഞ്ഞു പോയേക്കാം
അതിൽ തിരുത്തലുകൾ നടത്തിയേക്കാം
അവൾ ചിലപ്പോൾ
ഒറ്റയായ
ചുളിഞ്ഞ
വറ്റാറായ
കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിക്കുന്ന
ഒരു ഒറ്റ കറുത്ത പിക്സൽ മാത്രമാകാം