Saturday, December 30, 2017

പിറ്റേന്ന്

പിറ്റേന്ന് എന്താകുമെന്ന് അറിയില്ല‌
ചിലപ്പോൾ എഴുന്നേറ്റില്ലെന്നു വരാം
രാത്രിയിൽ നമ്മൾ‌ പോലും അറിയാതെ
നിശ്ബമായി ഒരു ഐസുകട്ടയോളം തണുത്തുറഞ്ഞേക്കാം.
പിറ്റേന്ന് ഒരു‌ ആൾക്കൂട്ട ഇരമ്പലിൽ എൽഫിൻസ്റ്റൺ റോഡിലെ ഒരു തിരക്കുള്ള ഫ്ലൈയ്യോവർ ഞെരുക്കമാകാം¹
ലോക്കൽ വണ്ടിയിൽ ഓടിക്കയറുന്നതിനിടയിൽ ഒരു സെക്കന്റിന്റെ‌ വ്യതാസത്തിൽ രാജ് വാഡി ഹോസ്പ്പിറ്റലിലെ‌ ഒഴിഞ്ഞ കോണിൽ തുരിമ്പിച്ച ഒരു സ്റ്റ്രെക്ച്ചറാകാം²

പിറ്റേന്ന്
ഒറ്റമുറി‌ ഫ്ലാറ്റിൽ കാണാൻ വരു‌ന്നവരുടെ തിരക്കാകും
സുഹൃത്തൊരുത്തൻ ഉണ്ട്
വരു‌ന്നവർക്കൊക്കെ അവൻ കാപ്പിയിട്ട് കൊട്ക്കുന്നുണ്ടാകും
ആരെങ്കിലും ക്രിമറ്റോറിയത്തിൽ ഒരു‌‌ സ്ലോട്ട് ബുക്ക് ചെയ്യുമായിരിക്കും
അവൾ‌ കരഞ്ഞുവീർത്ത കണ്ണുകൾ‌ ഒപ്പി
പെട്ടെന്ന് ഞാൻ‌ കണ്ണു തുറക്കുമെന്ന പ്രതീക്ഷയോടെ മകളെയും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരിക്കും
ഘാട്ക്കോപ്പറിൽ നിന്നുള്ള‌ ഫാസ്റ്റ് മിസ്സാകുമെന്ന സമാധാനക്കേടില്ലാതെ
പിറ്റേന്ന് പിറ്റേന്ന് എന്താകുമെന്ന് ഒരു
അറിവുമില്ലാതെ ഉറങ്ങാൻ കിടക്കുമ്പോൾ
മരണത്തെക്കുറിച്ചെങ്കിലും സ്വപ്നം കാണുക
എന്നല്ലാതെ നമുക്ക് എന്തു ചെയ്യാനാകും...


1.മുംബൈയ്യിലെ തിരക്കേറിയ. ഒരു റെയിൽവേ സ്റ്റേഷനിൽ ഈയടുത്ത് ഒരു ദിവസം ഓവർബ്രിഡ്ജ് തകരുന്നു എന്ന് ആരോ വിളിച്ചു പറഞ്ഞതിൽ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാൻ നോംക്കുന്നതിനിടയിൽ നിന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേരോളം മരിച്ചിരുന്നു
2. മുംബൈ ലോക്കൽ റ്റ്രെയിനിൽ ഉണ്ടാകുന്ന അപകടത്തിൽപെട്ടവരെ സ്ഥിരമായി കൊണ്ടുപോകുന്ന ഒരു സർക്കാർ ആശുപത്രി

മറവി


ഇങ്ങനെ മറന്നു തുടങ്ങിയാൽ ശരിയാകില്ല
ഒപ്പം‌ പഠിച്ചവരെ
കളിച്ചവരെ
ഉമ്മ വച്ചവരെ
എത്രയാളുകളെയാണു ഒറ്റയടിയ്ക്കിങ്ങനെ മറന്നു പോകുന്നത്
തീപ്പട്ടിപ്പടങ്ങൾ
തുണ്ട് പുസ്തകങ്ങൾ
ഷക്കീല പോസ്റ്ററുകൾ
ലേബലുകൾ
എത്രയോ‌ സൂക്ഷിപ്പുകളെ

വടക്കേമുറി വിളക്കുങ്കാലു
അന്തോണി മാഷ് സുമ റ്റീച്ചറു
കണക്ക് ക്ലാസ് ജീവൻ ബസ്സ്
എത്രയോ വഴികളെ
സ്ക്കൂളിലേയ്ക്ക്
വീട്ടിലേയ്ക്ക്
കുളക്കടവിലേയ്ക്ക്
കലുങ്കിനടുത്തേയ്ക്ക്
എത്രയോ ഓർമ്മകളെ

മറന്ന് മറന്ന് ചിലപ്പോൾ ഒരു പഞ്ഞി കഷ്ണത്തോളം മൃദുവാണെന്നു തോന്നാറുണ്ട്
ഒരു കാറ്റടിച്ചാൽ പറക്കുന്നത്രയും ഭാരക്കുറവ്
ചിലപ്പോൾ ഒന്നുമില്ലായ്മയുടെ അത്രയും കനപ്പെടുന്നെന്നും തോന്നാറുണ്ട്
പക്ഷേ ഇപ്പോൾ കണ്ണാടിയിലേയ്ക്ക് നോക്കാൻ ഭയമാണു
പെട്ടെന്ന് മറന്ന ഒരു അപരിചിതനെക്കണ്ട് പേടിച്ചാലോ എന്നോർത്ത്...
അവനെ പണ്ടെങ്ങോ കണ്ട ഒരോർമ്മ കാറ്റത്തൊരു അപ്പൂപ്പൻ താടി പോലെ പതുക്കെ അടർന്ന് പറക്കാൻ തുടങ്ങുന്നു...

Saturday, January 7, 2017

ഉറക്കം‌ കളി കാണുന്നു




അകത്ത് പനി കാളുന്നുണ്ട്
കിടയ്ക്കയിൽ മുകളിലോട്ട നോക്കി വേറുതെ കിടക്കുന്നു ‌ഞാൻ.
കറങ്ങി‌ മടുത്ത് ഫാൻ‌‌ എന്നെ തുറിച്ചു‌ നോക്കുന്നു...


പനിക്കിടക്കയിൽ എല്ലാവരും‌ കുട്ടികളാണു
ചുരുണ്ട് കിടന്ന്
പേടിച്ച് വിയർത്ത്
അവളുടെ അരികു പറ്റി
കിടക്കുകയാണു ഞാൻ



ഉറക്കം പതുക്കെ കളി കാണാൻ വന്നിരിക്കുന്നു
കണ്ണുകൾ അടച്ച് ഞാൻ കളിക്കാൻ ഇറങ്ങുന്നു.
ആദ്യത്തെ കളി മരിച്ചു പോയ ചങ്ങാതിയുമൊത്താണു,
അവൻ എന്നെയും കൊണ്ട് കുന്നിൻ മുകളിലേയ്ക്ക് നടക്കുന്നു
വഴികൾ കറുക്കുന്നു
ഇരുട്ട്‌ പതിയെ‌ പരക്കുന്നു
എല്ലാം‌ നിശബ്ദമാകുന്നു
പെട്ടെന്ന് അവൻ എന്തെന്നില്ലാതെ
ചിരിക്കാൻ‌ തുടങ്ങുന്നു.
ചിരിച്ച് ചിരിച്ചവനു‌ കോമ്പല്ല് കിളിർക്കുന്നു
അതു കാട്ടി അവൻ എന്റെ പിന്നാലെ വരുന്നു
ഞെട്ടി തെറിച്ച് കുന്നിൻ മുകളിൽ നിന്നും‌ ഞാൻ ആഴത്തിലേയ്ക്ക് വീഴുന്നു
ഇരുട്ട് പതിയെ‌ തെളിയുന്നു.

കളി തുടരുന്നു
ഫാനിന്റെ ഭയപ്പെടുത്തുന്ന നിശബ്ദത.
മൂന്നു കാലുകൾ കൂട്ടി മുട്ടുന്ന അനാദിയായ ആ കണ്ണ് എന്നെ‌ തന്നെ നോക്കിയിരിക്കുന്നു
പെട്ടെന്ന് അവ മൂന്നു കാലുകളും കൂട്ടി എന്നെ പിടിയ്ക്കാൻ വരുന്നു ,
അവൻ എന്നെയും കൊണ്ട് പോകുന്നു..
ദൂരെ കുന്നിന്റെ‌ മുകളിലെ കോമ്പല്ലുകൾ വെയ്ക്കുന്ന വീടിന്റെ‌ പിന്നാമ്പുറത്തെ അഗാധതയിലേയ്ക്ക് എന്നെ തള്ളിയിടുന്നു
ഇരുട്ടിലേയ്ക്ക് ഞാൻ വീഴുന്നു.

കളികൾ തുടരുന്നു
ഇരുട്ട് അതിന്റെ‌ കോട്ടകൾക്ക് കനംവെപ്പിയ്ക്കുന്നു
ഉറക്കം എന്നെ ഉണർത്താതെ
കളി‌ കാണുന്നു...