Tuesday, May 24, 2011

തല കുമ്പിട്ടിരിക്കുന്ന ഗാന്ധി



അച്ഛാ എന്തു കൊണ്ടാണച്ഛാ
നമ്മുടെ ഗാന്ധി തലകുമ്പിട്ടിരിക്കുന്നത്?
കാക്ക മുഖത്ത് തൂറുമെന്നു ഭയപ്പെട്ടിട്ടണോ?
ഉച്ചയ്ക്ക് വീട്ടിലേക്ക് വരും വഴി മകന്റെ ചോദ്യം..

മകനെ ഇനിയും ഗോഡ്സേകൾക്കു മുൻപിൽ
മൂന്നു വെടിയുണ്ടകളേറ്റു വാങ്ങാൻ കരുത്തില്ലാതെയും
ഹേ റാം എന്നുറക്കെ കരയാൻ ആകതെയുമാണ്
ഗാന്ധികൾ തലകുമ്പിട്ടിരിക്കുന്നത്.
ഇനിയുമേറെ ദണ്ഡികൾ ഈ
കുനിഞ്ഞ ശിരസ്സുമായി ഗാന്ധികൾക്ക്
നടന്നു കയറുവാനുണ്ട്.
പ്രത്യയശാസ്ത്രങ്ങളുടെ കണ്ണീർ വാർക്കുന്ന
ഉപ്പ് കുറുക്കുവാനുണ്ട്
അവൻ എന്നെ പകച്ച് നോക്കി!!!
ഉയർന്ന് കേൾക്കുന്ന ഹോൺ വിളികൾ
ഗാന്ധി സ്ക്വയറിനു ചുറ്റും മുറവിളി കൂട്ടുന്ന വാഹനങ്ങൾ
ഒന്നും കാണാനും കേൾക്കാനുമാകാതെ
കാക്കതൂറുന്ന പ്രതിമയായി തല കുമ്പിട്ടിരിക്കുന്ന ഗാന്ധിയും
ഉച്ചവെയിലാളുന്നു നമുക്ക് നീങ്ങാം
വീട്ടിലേക്കേറെ ദൂരം നടക്കാനുണ്ട്...

No comments:

Post a Comment